കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതിയിൽ സഹകരിക്കുകയും പ്രവാസം
അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും തങ്ങളുടെ സ്വകാര്യ ജീവിത പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്ന
ഏതാനും മുൻകാല പ്രവാസികൾക്ക് ‘പെൻഷൻ’ മാതൃകയിൽ ഒരു മാസാന്ത സ്നേഹസമ്മാനം നല്‍കുക
എന്നത് കമ്മറ്റിയുടെ ഒരു വലിയ സ്വപ്നമായിരുന്നു.
2023 മാര്‍ച്ച് മുതൽ ‘’ഹദിയത്തുറഹ്മ’’
എന്ന പേരിൽ പ്രസ്തുത സ്വപ്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി നാഷണൽ കമ്മിറ്റി
തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.
കമ്മറ്റിക്ക് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക്
മാസാവസാനം അവരുടെ അക്കൗണ്ടുകളിലേക്ക് 2000 ഇന്ത്യന്‍ രൂപ എത്തിച്ചു കൊടുക്കുന്ന രൂപത്തിലാണ് പദ്ധതി വിഭാവനം
ചെയ്തിട്ടുള്ളത്.
താഴെപ്പറയുന്ന നിബന്ധനകൾ കർക്കശമായി പാലിച്ചുകൊണ്ടായിരിക്കും പദ്ധതി
നടപ്പിലാക്കുക:
1/ പദ്ധതിയിൽ
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ സൗദി അറേബ്യയിലെ
സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന 35 സെൻട്രൽ കമ്മിറ്റികളിൽ
നിന്ന് മാത്രമായിരിക്കും നാഷണല്‍ കമ്മറ്റി സ്വീകരിക്കുക. (പരാതികള്‍ ലഭിച്ചാല്‍
നാഷണല്‍ കമ്മറ്റി നേരില്‍ സ്വീകരിച്ച് പരിശോധനാ വിധേയമാക്കുന്നതാണ്). അപേക്ഷകര്‍
അവര്‍ സൗദി അറേബ്യയില്‍ നിന്നും അവസാനം നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍
അംഗമായ കമ്മറ്റികള്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
2/ പദ്ധതി
ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട
ഫണ്ടിൽ നിന്നാണ് എന്നുള്ളത് കൊണ്ട് തന്നെ സുരക്ഷാ പദ്ധതിയിൽ സൗദി അറേബ്യയില്‍ നിന്നും തുടർച്ചയായി
സഹകരിച്ചിട്ടുള്ള ആളുകൾ എന്നതായിരിക്കും പ്രധാന മാനദണ്ഡം.
3/ 2023 വര്‍ഷത്തില്‍ ഹദിയത്തുറഹ്മ പദ്ധതിയിലേക്കുള്ള ഗുണഭോക്തൃ അപേക്ഷകര്‍, 2014 മുതൽ തുടർച്ചയായി നാലുവർഷമെങ്കിലും പദ്ധതിയിൽ സൗദി അറേബ്യയില്‍ നിന്നും അംഗമായിട്ടുള്ളവരോ, അല്ലെങ്കില്‍, 2018 ന് മുൻപ് ഏതെങ്കിലും വർഷം ആരംഭം കുറിച്ച് ആറു
വർഷമെങ്കിലും സൗദി അറേബ്യയിൽ നിന്നും തുടര്‍ച്ചയായി അംഗത്വം എടുത്തിട്ടുള്ളവരോ ആയിരിക്കണം എന്നതാണ് മാനദണ്ഡം. മേല്‍പറഞ്ഞ
യോഗ്യതയുള്ളവരില്‍, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയവരും, അധാര്‍ രേഖ പ്രകാരം അപേക്ഷ നല്‍കുന്ന സമയത്ത് 60 വയസ്സ് പിന്നിട്ടവരും ആയ മുൻ പ്രവാസികൾക്കാണ്
ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടാവുക.
4/ ഹദിയത്തുറഹ്മ പദ്ധതിയുടെ മാനദണ്ഡങ്ങള്‍
പദ്ധതി തുടരുന്ന ഓരോ വര്‍ഷങ്ങളിലും പുതുതായി വരുന്ന അപേക്ഷകരുടെ കാര്യത്തില്‍,
സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
5/ ഒരു ആജീവനാന്ത പദ്ധതി ആയിട്ടല്ല നാഷണൽ
കമ്മിറ്റി ‘’ഹദിയത്തുറഹ്മ’’ എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. മൂന്ന് വർഷങ്ങൾ കൂടുമ്പോൾ മെമ്പർഷിപ്പ്
അടിസ്ഥാനത്തിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ കമ്മറ്റികൾ പുനഃസംഘടിപ്പിക്കേണ്ടി വരുന്ന
ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം ആർക്കെങ്കിലും ആജീവനാന്തമായി ആനുകൂല്യങ്ങൾ നൽകുന്ന
ഒരു പദ്ധതി പ്രഖ്യാപിക്കുക സാധ്യമല്ല. ഭാവിയിൽ
വരാനിരിക്കുന്ന കമ്മിറ്റികളും അവർ പ്രവർത്തിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യവും
സാമ്പത്തിക ഭദ്രതയും എല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്തരം പദ്ധതികൾ
അവർക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടി വരിക. അതുകൊണ്ടുതന്നെ
ഏതെങ്കിലും തരത്തിലുള്ള ഒരു ഭാരം മുൻകാല കമ്മിറ്റികൾ അവരുടെ തലയിൽ ചാർത്തുന്നത്
ശരിയായ കീഴ്വഴക്കമല്ല എന്നുള്ളത് കൊണ്ട് തന്നെ സുരക്ഷാ പദ്ധതി പോലെ തന്നെ അതാത്
വർഷത്തേക്ക് മാത്രമായിട്ടാണ് ‘’ഹദിയത്തുറഹ്മ’’ പദ്ധതിയും നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ച്
നടപ്പിലാക്കുന്നത്. പ്രസ്തുത വർഷം തീരുമ്പോൾ
പഴയ അംഗങ്ങൾക്ക് അവരുടെ അംഗത്വം പുതുക്കിക്കൊണ്ട് പദ്ധതിയിൽ തുടരാവുന്നതും, പുതിയ അംഗങ്ങൾക്ക് അപേക്ഷകൾ നൽകി
പദ്ധതിയിലേക്ക് കടന്നുവരാവുന്നതുമാണ്. ഏതുഘട്ടത്തിലും
ഭാവിയിൽ അതാത് കമ്മിറ്റികളുടെ സാഹചര്യങ്ങൾ അനുസരിച്ച് ഇത്തരം പദ്ധതികൾ മുന്നോട്ടു
കൊണ്ടുപോവുകയോ വേണ്ടെന്ന് വെക്കുകയോ, ഘടനാ
മാറ്റങ്ങളോടെ മുന്നോട്ട് കൊണ്ട്പോവുകയോ ചെയ്യാനുള്ള അധികാരം അവര്‍ക്കുണ്ടായിരിക്കും.
6/ സെന്‍ട്രല്‍ കമ്മറ്റികള്‍ക്ക് എപ്പോഴും അവരുടെ തീരുമാനം അനുസരിച്ച് ഈ പദ്ധതിയിലേക്ക്
അപേക്ഷകള്‍ സ്വീകരിക്കാനുള്ള അധികാരമുണ്ടായിരിക്കും. അതേസമയം, പദ്ധതി നടക്കുന്ന വര്‍ഷങ്ങളില്‍ ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെ മാത്രമേ
നാഷണല്‍ കമ്മറ്റി സെന്‍ട്രല്‍ കമ്മറ്റികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ.
7/ അപേക്ഷയായി ആരില്‍ നിന്നെങ്കിലും കിട്ടുന്ന കടലാസ്സുകള്‍ മുഴുവന്‍ നാഷണല്‍
കമ്മറ്റിക്ക് അയച്ചു നല്‍കുന്നതിന് പകരം, ആളുകള്‍ അന്വേഷിക്കുമ്പോള്‍ തന്നെ
സുരക്ഷാ പദ്ധതിയിലെ മുന്‍കാല സൗദി അറേബ്യയിലെ പങ്കാളിത്തം നമ്മുടെ സൈറ്റില്‍ കയറി പരിശോധിച്ച്
ഉറപ്പ് വരുത്തിയ ശേഷം, ഏതെങ്കിലും രേഖകള്‍ വാങ്ങി വയസ്സും ഉറപ്പ് വരുത്തിയ ശേഷം
മാത്രമേ അപേക്ഷകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. ശേഷം അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍
പുനപരിശോധന നടത്തി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം, ഉത്തരവാദിത്വപ്പെട്ടവര്‍ ഒപ്പിട്ടാണ് നാഷണല്‍ കമ്മറ്റിക്ക് അപേക്ഷകള്‍ നല്‍കേണ്ടത്.
8/ തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് മരണപ്പെട്ടാല്‍ ഈ ആനുകൂല്യം അവസാനിക്കുന്നതാണ്. അത്കൊണ്ട് തന്നെ, എത്രയും പെട്ടൊന്ന് പ്രസ്തുത വിവരം നാഷണല്‍ കമ്മറ്റി ഓഫീസില്‍ അറിയിക്കാനുള്ള ബാധ്യത സെന്‍ട്രല്‍ കമ്മറ്റികള്‍ക്കായിരിക്കും. സെന്‍ട്രല്‍ കമ്മറ്റികള്‍ കീഴ്ഘടകങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുമ്പോള്‍ ഈ വിവരം അവരേയും അറിയിക്കേണ്ടതാണ്. അങ്ങിനെ അറിയിക്കാത്ത പക്ഷം കമ്മറ്റിക്ക് നഷ്ടപ്പെടുന്ന തുകക്ക് അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ ഉത്തരവാദികള്‍ ആയിരിക്കും. അക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം മാത്രമേ പിന്നീട് പ്രസ്തുത കമ്മറ്റികളില്‍ നിന്നും പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ.
9/ നിശ്ചിത മാനദണ്ഡ പ്രകാരം സൗദി അറേബ്യയില്‍ നിന്നും നിയമങ്ങള്‍ പാലിച്ച് അംഗങ്ങളായിട്ടുള്ളവര്‍ക്ക് മാത്രമാണ് ഈ പദ്ധതിയില്‍ ചേരാനാവുക.
10/ നാഷണല്‍ കമ്മറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ നാട്ടില്‍ നിന്നും ഈ വര്‍ഷം അംഗത്വം എടുത്തു എന്നത് കൊണ്ട് ഹദിയത്തു റഹ്മ പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിക്കുകയില്ല. സുരക്ഷാ പദ്ധതി അംഗത്വവും ഹദിയത്തു റഹ്മ പെന്‍ഷന്‍ പദ്ധതി അംഗത്വവും രണ്ടും രണ്ടാണ്. ഹദിയത്തു റഹ്മ പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിക്കാനുള്ള മാനദണ്ഡം മുകളില്‍ വിശദീകരിച്ച പ്രകാരം മുന്‍കാലങ്ങളില്‍ സൗദി അറേബ്യയില്‍ നിന്നും തുടര്‍ച്ചയായി പദ്ധതിയില്‍ ചേര്‍ന്നോ എന്നത് മാത്രമാണ്. ഈ വര്‍ഷം നാട്ടില്‍ നിന്നും ചേര്‍ന്നോ എന്നതല്ല.
11/ അപേക്ഷ നല്‍കുന്നത് എങ്ങിനെ??
അപേക്ഷക്ക് ആവശ്യമായ രേഖകള്‍:-
a/ സുരക്ഷാ പദ്ധതിയിലെ മുന്‍കാല
അംഗത്വം വ്യക്തമാക്കുന്ന ഏതെങ്കിലും രേഖകള്‍ (ഉദാ: ഇഖാമ നമ്പര്‍, പഴയ സൗദി മൊബൈല്‍ നമ്പര്‍). ഇവ ഉപയോഗിച്ച് പദ്ധതി സൈറ്റില്‍
നിന്നും അംഗത്വം തെളിയിക്കുന്ന സ്ക്രീന്‍ ഷോര്‍ട്ട്.
b/ അപേക്ഷകന്‍റെ അധാര്‍ കോപ്പി രണ്ട്
വശങ്ങളും
c/ അപേക്ഷകന്‍റെ പേരിലുള്ള നാട്ടിലെ
നോര്‍മല്‍ സേവിങ്ങ്സ് അക്കൊണ്ട് പാസ്സ്ബുക്ക് കോപ്പി.
d/ അപേക്ഷകന്‍റെ പാസ്സ്പോര്‍ട്ട്
കോപ്പി, (ആദ്യ പേജ് – അവസാന പേജ് – പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിമാനം
ഇറങ്ങിയപ്പോള്‍ രേഖപ്പെടുത്തിയ എമിഗ്രേഷന്‍ സീല്‍ ചെയ്ത പേജ്.)
ഇത്രയും രേഖകള്‍ പരിശോധിച്ച്, നിബന്ധനകള്‍ പാലിച്ചിട്ടുണ്ട്
എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം, ഇവ ഒന്നിച്ച് +91-8075580007 എന്ന നമ്പറില്‍ വാട്സ്ആപ്പ് ആയി അയച്ച് കൊണ്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മറ്റേത്
രൂപത്തില്‍ അപേക്ഷകള്‍ അയച്ചാലും നാഷണല്‍ കമ്മറ്റി ഉത്തരവാദിത്വം എല്‍ക്കുന്നതല്ല.
10/ അപേക്ഷ അയച്ചു കഴിഞ്ഞാല്‍, ഒരാഴ്ച്ചക്കം അപേക്ഷ സ്വീകരിച്ചോ തള്ളികളഞ്ഞോ എന്ന് കമ്മറ്റികളെ
അറിയിക്കുന്നതാണ്.
11/ നടപ്പ് വര്‍ഷത്തെ ഗുണഭോക്താക്കള്‍
പുതിയ വര്‍ഷവും പദ്ധതിയില്‍ തുടരുന്നതിനായി പുതിയ അപേക്ഷ നല്‍കേണ്ടതില്ല. അതേസമയം, ട്രസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് ഗുണഭോകതാക്കളുടെ കാര്യത്തില്‍ നേരില്‍
സംസാരിച്ച് ‘മസ്റ്ററിങ്ങ്’ സംവിധാനം നടപ്പിലാക്കുന്നതാണ്.
2024-2025 വര്‍ഷത്തേക്ക് കൂടി ഹദിയത്തു റഹ്മ പദ്ധതി തുടരാന്‍ നാഷണല്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ തന്നെയായിരിക്കും പുതിയ വര്‍ഷവും തുടരുക.